ചന്ദ്രനരികിലേക്ക് ചന്ദ്രയാൻ 3; മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ബെം​ഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കി. പേടകത്തിന്റെ മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാകും ചന്ദ്രന്റെ തൊട്ടരികിലേക്ക് എത്തിക്കുന്ന നിർണായക ഘട്ടം പൂർത്തിയാക്കുക. പേടകത്തിന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഈ മാസം 17ന് ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടും. തുടർന്ന് വിക്രം ലാൻഡർ ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും 23ന് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു. എഞ്ചിനുകൾ തകരാറിലായാൽ പോലും സോഫ്റ്റ് ലാൻഡിങ് നടത്താനാകുന്ന തരത്തിലാണ് ലാൻഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. ചന്ദ്രയാൻ 2ലെ പിഴവുകൾ പരിഹരിച്ച് സോഫ്റ്റ് ലാൻഡിങും വിജയകരമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25ഉം ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുകയാണ്. 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ചാന്ദ്രദൗത്യം. ചന്ദ്രയാൻ-3 സോഫ്റ്റ്‌ ലാൻഡിങ് നടത്തുന്ന ഈ മാസം 23നോ തൊട്ടു പിന്നാലെയോ ആകും ലൂണ 25ന്റേയും ലാൻഡിങ്. ചന്ദ്രയാൻ 3 ഇറങ്ങുന്ന ദക്ഷിണ ധ്രുവത്തിൽ തന്നെയായിരിക്കും ലൂണയും ഇറങ്ങുന്നത്. സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞതുമായ പ്രദേശമാണിത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.