വിമൻസ് ടി-20 ചലഞ്ചിൻ്റെ രണ്ടാം മത്സരത്തിൽ ഇന്ന് സ്മൃതി മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സും മിതാലി രാജിൻ്റെ നായകത്വത്തിൽ ഇറങ്ങുന്ന വെലോസിറ്റിയും ഏറ്റുമുട്ടും.
ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ, ഹർമൻപ്രീത് കൗറിൻ്റെ സൂപ്പർനോവാസുമായി ഏറ്റുമുട്ടിയ വെലോസിറ്റി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ട്രെയിൽബ്ലേസേഴ്സിൻ്റെ ആദ്യ മത്സരമാണ് ഇന്ന്.
മത്സരത്തിൽ മന്ദനയും സംഘവും ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെലോസിറ്റി ക്യാപ്റ്റൻ മിതാലി രാജ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൗമാര താരം റിച്ച ഘോഷിന് കീപ്പിംഗ് ചുമതല നൽകിയാണ് മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സ് ഇറങ്ങുക.
ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം രാജേശ്വരി ഗെയ്ക്‌വാദ്, ജുലൻ ഗോസ്വാമി, ദേന്ദ്ര ഡോട്ടിൻ തുടങ്ങിയ താരങ്ങളും അണിനിരക്കും. വെലോസിറ്റിയാവട്ടെ ഒരു മാറ്റവുമായാണ് ഇന്നിറങ്ങുക. മനാലി ദാക്ഷിണിക്ക് പകരം സുശ്രീ ദിവ്യദർഷിണി ഇന്ന് കളിക്കും.