ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ പരാമർശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് എതിരെ പോസ്റ്റ്‌ ചെയ്ത ട്വീറ്റിൽ ഖേദ പ്രകടനവുമായി പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ പരാമർശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം. ഒക്ടോബർ 21-ന് ഇട്ട ട്വീറ്റിൽ പിശക് സംഭവിച്ചുവെന്നും അതിനാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കൻഹ ദേശീയ പാർക്ക് സന്ദർശിക്കാൻ  ചീഫ് ജസ്റ്റിസ് എത്തിയത് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ആണെന്നായിരുന്നു  പ്രശാന്ത് ഭൂഷൺ അന്ന് ട്വീറ്റ് ചെയ്തത്. മധ്യപ്രദേശ് എം.എൽ.എമാരുടെ നിർണായകമായ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് ഈ യാത്രയെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, മധ്യപ്രദേശ് സർക്കാരിന്റെ നിലനിൽപ്പ് തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും തെറ്റു പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പിന്നീട് ട്വീറ്റ് ചെയ്തു.

പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിന്റെ പൂർണരൂപം

ശിവാരാജ് സിങ് സർക്കാരിന്റെ കീഴിൽ മന്ത്രിമാരായ കോൺഗ്രസ് എം.എൽ.എമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നു. സർക്കാരിന്റെ നിലനിൽപ്പ് അവരുടെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. അവരുടെ മന്ത്രിപദത്തെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസിനു മുമ്പിലുള്ള കേസിനെ അടിസ്ഥാനമാക്കിയാകില്ല അത്. മുൻപ് ഞാൻ ചെയ്ത ട്വീറ്റിലെ പിഴവിൽ ഖേദം പ്രകടിപ്പിക്കുന്നു