ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട വനിതാ നേതാവ് ആര്‍. ബിന്ദു

ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട തിരുവനന്തപുരത്തെ
വനിതാ നേതാവ് ആര്‍.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന് തന്നെഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ്.പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച താന്‍ ഇനി നേതാക്കളുടെ ചവിട്ട് പടിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജിവച്ച ബിജെപി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം സെക്രട്ടറി ആര്‍.ബിന്ദുവാണ് ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. 2010ല്‍ സംവരണ വാര്‍ഡായ വലിയവിളയില്‍ താന്‍ ബിജെപിക്കായി വലിയ മുന്നേറ്റമുണ്ടാക്കി. 2015ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ താന്‍ മാറി നിന്നു. എന്നാല്‍ 2020ല്‍ വനിതാ വാര്‍ഡാകുമ്പോള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി, ഇന്നലെ വരെ തന്റെ പേരുമായി മുന്നോട്ട് പോയ നേതൃത്വം തന്നെ ഒഴിവാക്കി. കഴിഞ്ഞ പത്ത് വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട തന്നെ അവഗണിച്ചത് മാനസിക വിഷമമുണ്ടാക്കി.പിന്നോക്കക്കാരി എന്നതല്ലാതെ തന്നെ ഒഴിവാക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ല.


നേതാക്കള്‍ക്ക് ജാതിവിവേചനമുണ്ടെന്നും നേതാക്കളുടെ ചവിട്ട് പടിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു
ട്വന്റിഫോറിനോട് പറഞ്ഞു. നവമാധ്യമങ്ങളില്‍ പങ്കുവെച്ച രാജിക്കത്ത് പിന്‍വലിക്കാന്‍ നേതാക്കളുടെഇടപെടലുണ്ടായി. ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സമാന അനുഭവമുണ്ടായെന്നും ഇനി ബിജെപിയിലേക്കില്ലെന്നും ബിന്ദു പറഞ്ഞു. ബിജെപിക്കുള്ളിലെ പോരിനെ തുടര്‍ന്ന് നേതാക്കളായപള്ളിത്താനം രാധാകൃഷ്ണനും വലിയശാല പ്രവീണും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടിരുന്നു.