ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് കൃത്യമായി മറുപടി നല്‍കിയില്ല.
‘രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ല. ഇനി വരുന്ന സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമോ എന്ന് കാലം തെളിയിക്കും’ ട്രംപ് പറഞ്ഞു. ഏപ്രിലോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ അന്ന് മുതല്‍ ക്രമക്കേട് നടന്നെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ സോഫ്ട് വെയറില്‍ കൃത്രിമത്വം കാട്ടിയെന്നും വാര്‍ത്താസമ്മേളനത്തിലും ട്വിറ്ററിലും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സി.ഐ.എസ്.എ) അറിയിച്ചു. വോട്ട് തിരിമറി നടത്തിയെന്ന ട്രംപിന്റെ വാദം തള്ളിയ അധികൃതര്‍ നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിത തെരഞ്ഞെടുപ്പായിരുന്നെന്നും പറഞ്ഞു.
തനിക്ക് ലഭിച്ച 27 ലക്ഷം വോട്ട് ഒരു ഉപകരണം ഉപയോഗിച്ച് മായ്ച്ച് കളഞ്ഞെന്ന അടിസ്ഥാനരഹിതമായ ആരോപണം വീണ്ടും ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ട്രംപിനെ തള്ളി അധികൃതര്‍ രംഗത്തുവന്നത്.
എന്നാല്‍, ട്രംപിന്റെ നടപടികള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാകള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.