ശരിക്കും പിണറായി വിജയന്‍? ഇടതുപക്ഷത്തെ നാണം കെടുത്തരുത്: കവിത കൃഷ്ണന്‍

സി.പി.ഐ.എം.എല്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്‍.

കേരള പൊലീസ് ആക്ടിലെ പുതിയ ഭേദഗതിക്കെതിരെ ഇടത് പാര്‍ട്ടികള്‍ തന്നെ രംഗത്ത്. സി.പി.ഐ.എം.എല്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്‍. ഇത്തരം നിര്‍ദയമായ നിയമങ്ങള്‍ നടപ്പാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുതെന്ന് കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു.

‘ശരിക്കും പിണറായി വിജയന്‍?! രാജ്യത്തെ ഇത്തരം ക്രൂരനിയമങ്ങളെ എതിര്‍ത്ത് സിപി.എം അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നത്. ഒരു സി.പി.എം സര്‍ക്കാര്‍ തന്നെ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’- എന്നാണ് കവിത കൃഷ്ണന്‍റെ ട്വീറ്റ്. പിണറായി വിജയന്‍റെയും സിപിഎമ്മിന്‍റെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.