‘നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക്’; നടരാജനെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

ഓസീസിനെതിരായ ടി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ പേസർ തങ്കരസു നടരാജനെ അഭിനന്ദിച്ച് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഐപിഎലിൽ നടരാജൻ കളിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായ വാർണർ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

“പരമ്പര നഷ്ടമായെങ്കിലും നടരാജനെയോർത്ത് സന്തോഷിക്കുന്നു. നല്ല ഒരു മനുഷ്യനാണ്. ക്രിക്കറ്റ് എന്ന ഗെയിമിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നെറ്റ് ബൗളറിൽ നിന്ന് ഏകദിന, ടി-20 മത്സരങ്ങൾ അരങ്ങേറി. എന്തൊരു നേട്ടമാണത്. നന്നായി കളിച്ചു കൂട്ടുകാരാ”- വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യക്കായി ടി-20 പരമ്പരയിൽ ഗംഭീര പ്രകടനമാണ് നടരാജൻ നടത്തിയത്. 3 മത്സരങ്ങളിലുമായി 12 ഓവറുകൾ എറിഞ്ഞ നടരാജൻ 6 വിക്കറ്റ് സ്വന്തമാക്കി വിക്കറ്റ് വേട്ടയിൽ പരമ്പരയിലെ തന്നെ മികച്ച താരമായി മാറിയിരുന്നു. 6.92 എന്ന മികച്ച എക്കോണമിയിലാണ് താരം ടി-20 പരമ്പരയിൽ പന്തെറിഞ്ഞത്. മികച്ച പ്രകടനത്തിൻ്റെ ബലത്തിൽ ടി-20 ലോകകപ്പ് ടീമിലേക്കുള്ള മത്സരം നടരാജൻ ശക്തമാക്കി.