ലോക്സഭാംഗത്വം രാജിവെക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും എന്നതും പ്രധാനചോദ്യമായി അവശേഷിക്കുന്നു. അതെ സമയം ലീഗ് പ്രഖ്യാപനത്തിൽ അണികൾക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്.
കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുറപ്പായതോടെ മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ലോക്സഭാംഗത്വം രാജിവെക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും എന്നതും പ്രധാനചോദ്യമായി അവശേഷിക്കുന്നു. അതെ സമയം ലീഗ് പ്രഖ്യാപനത്തിൽ അണികൾക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്. പാണക്കാട് കുടുംബത്തിൽ നിന്നടക്കം വിയോജിപ്പുയർന്നു. ഈ പ്രതിസന്ധി കൂടി തെരഞ്ഞെടുപ്പിനു മുമ്പ് മുസ്‍ലിം ലീഗിന് പരിഹരിക്കേണ്ടി വരും.
സ്വന്തം തട്ടകമായ വേങ്ങരയില്‍ തന്നെ മത്സരിക്കാനാണ് പികെ കുഞ്ഞാലിക്കുട്ടി ക്യാമ്പിന്‍റെ ആലോചനയെങ്കിലും സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും അനുസരിച്ച് തന്ത്രപരമായി മലപ്പുറത്തേക്ക് മാറാനും സാധ്യതയുണ്ട്.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് ഇത്തവണ പാര്‍ലമെന്‍ററി പ്രാതിനിത്യം നല്‍കണമെന്ന ധാരണ നേരത്തെ തന്നെ പാര്‍ട്ടിയിലുണ്ട്. അടുത്ത വര്‍ഷം കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗം പി.വി അബ്ദുല്‍വഹാബിന്‍റെ ഒഴിവിലേക്കാണ് കെ.പി.എ മജീദിന് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നത്. അങ്ങനെയെങ്കില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും.
ലോക്സഭ അംഗത്വം കുഞ്ഞാലിക്കുട്ടി രാജി വെക്കുന്നതോടെ ഉപതെരഞ്ഞെടുപ്പിന് മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് ഒന്നിലധികം പേരുകളാണ് പരിഗണനയിലുള്ളത്, നിലവിൽ എം.എല്‍.എമാരായ എന്‍ ഷംസുദ്ധീനും, കെ.എന്‍.എ ഖാദറും, ഒപ്പം അബ്ദുൽ സമദ് സമദാനിയും ലോക്സഭയിലേക്ക് പരിഗണിക്കുന്നവരിലുണ്ട്.
എന്നാൽ നിലവിൽ ഇതൊന്നും ചർച്ചയിലില്ലെന്നാണ് കെ.പി.എ മജീദിന്‍റെ പ്രതികരണം. ഈ ചര്‍ച്ചകള്‍ക്കൊപ്പവും കുഞ്ഞാലിക്കുട്ടിയുടെ ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അടിക്കടിയുള്ള മാറലില്‍ പാര്‍ട്ടി അണികള്‍ക്കിടയിലടക്കം അമര്‍ഷമുണ്ട്. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ എതിർപ്പുയർന്നു കഴിഞ്ഞു. വോട്ട് ചെയ്തവരെ വിഢികളാക്കുന്നുവെന്ന ക്യാമ്പയിൻ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയമാറ്റക്കളി പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലുള്ളപ്പോള്‍, തിരഞ്ഞെടുപ്പ് ചുമതലയിൽ കുഞ്ഞാലിക്കുട്ടിക്കൊപ്പം എം.കെ മുനീറിന്‍റെ പേര് ചേർത്ത് വെക്കുന്നതും തന്ത്രപരമായ നീക്കമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കാണിച്ച് ലീഗ് മുന്നോട്ട് പോകുന്നതിന്‍റെ ഫലമറിയാന്‍ നിയമസഭ തെരഞ്ഞെടുപ്പോളം കാത്തിരിക്കേണ്ടി വരും.