ഇത്ര വില്ലനാണോ പഞ്ചസാര; ദോഷങ്ങളറിഞ്ഞാല്‍ മാറ്റിനിര്‍ത്തും ഈ വെളുത്ത വിഷത്തെ..

പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.

നമ്മുടെ നിത്യജീവിതത്തില്‍ പഞ്ചസാരയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തവരാണ് ഏറെപ്പേരും. ചായ തുടങ്ങി പലഹാരങ്ങള്‍ വരെ നമ്മുടെ ഇഷ്‌ടവിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് പഞ്ചസാരയാണ്. എന്നാല്‍ പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതുകൊണ്ടാണ് പഞ്ചസാരയെ നമ്മള്‍ വെളുത്ത വിഷം എന്നു വിളിക്കുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒന്നാണ് പഞ്ചസാര.

പഞ്ചസാരയുടെ ദൂഷ്യഫലങ്ങൾ

1.ഹൃദയത്തെ ബാധിക്കും

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്‍റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.

2. പെട്ടെന്ന് പ്രായമേറും

പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.

3. പ്രതിരോധശേഷിയെ തളര്‍ത്തും

നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

4. ക്യാന്‍സറിന് കാരണമാകും

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമാകും. പ്രധാനമായും കുടലിലെ ക്യാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.

5. ഗര്‍ഭകാല പ്രശ്‌നം

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥ ശിശുവിന്‍റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.

6. കൊളസ്‌ട്രോൾ ഉണ്ടാക്കും

സ്ഥിരമായി അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിച്ചാല്‍, രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളായി ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമായി തീരും.

7. അമിതവണ്ണം ഉണ്ടാക്കും

100 ഗ്രാം പഞ്ചസാരയിൽ 387 കാലറിയുണ്ട്. ലോകത്താകെയുള്ള ജനസംഖ്യയിൽ 1.9 ബില്യൺ ആളുകൾക്കാണ് അമിതവണ്ണമുള്ളതായി ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതവണ്ണത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് പഞ്ചസാരയുടെ അമിത ഉപയോഗം തന്നെ. അതുകൊണ്ട് ഭാരം കുറയ്‌ക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടതും മധുര ഉപയോഗം പൂർണമായി കുറയ്‌ക്കുക തന്നെ.

മയക്കുമരുന്നും ക‍ഞ്ചാവും പോലെ തന്നെ ഒരു ലഹരിയായി പഞ്ചസാര മാറിയിട്ടുണ്ടെന്നും പഞ്ചസാരയ്ക്ക് അടിമപ്പെട്ടവർക്ക് ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെപ്പോലെതന്നെ ചികിൽസ വേണമെന്നുമാണ് മെൽബണിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ കാരണങ്ങൾ കൊണ്ട് പഞ്ചസാരയുടെ അളവ് നിങ്ങൾ നിയന്ത്രിക്കുക.

ഓർക്കുക: പഞ്ചസാര ഒരു അന്നജ മിശ്രിതമാണ്‌. ആവശ്യത്തിന്‌ ഉപയോഗിക്കാം. എന്നാൽ അമിതമായ ഉപയോഗമാണ്‌ പലരോഗങ്ങൾക്കും കാരുണമാകുന്നത്.