പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉള്ള തദ്ദേശീയര്‍ ഫാസ്റ്റാഗ് കാര്‍ഡ് എടുക്കണം. ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്ററിനുള്ളിലെ താമസക്കാര്‍ക്കാണ് ആനുകൂല്യം. ഇതിന്റെ പണം നേരത്തെയുള്ള ധാരണ പ്രകാരം സര്‍ക്കാര്‍ നല്‍കണം.

ഫാസ്ടാഗ് സംവിധാനത്തില്‍ തദ്ദേശീയരുടെ സ്മാര്‍ട്ട് കാര്‍ഡ് സോഫ്റ്റ് വെയറില്‍ സ്വീകാര്യമല്ലാതായതോടെയാണ് ആയിരക്കണക്കിന് പേര്‍ക്ക് സൗജന്യം നഷ്ടമായത്. ഇതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സൗജന്യ യാത്ര അനുവദിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിക്കുന്നത്. ആവശ്യമായ രേഖകളുമായി ടോള്‍ പ്ലാസയിലെത്തിയാല്‍ ഫാസ്ടാഗ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

2012 മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കിയതിലൂടെ 125 കോടി രൂപ സര്‍ക്കാര്‍ ഇത് വരെ ടോള്‍ പ്ലാസയ്ക്ക് നല്‍കാനുണ്ട്. പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആയിരക്കണക്കിന് പേര്‍ക്ക് ഫാസ്ടാഗ് നല്‍കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളേറെയാണ്. ഇതിനോടകം മുഴുവന്‍ ആളുകളും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല എന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നാളെ മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കുകയാണ്.