സ്വപ്നയുടെ ഫോണ്‍വിളിയില്‍ ദുരൂഹതയില്ല, വിളിച്ചത് മദ്യം ആവശ്യപ്പെട്ട്: ബിജു രമേശ്

കോൺസുലേറ്റിലേക്ക് നൽകാനാണ് മദ്യം ആവശ്യപ്പെട്ടതെന്ന് ബിജു രമേശ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോൺ വിളികളിൽ ദുരൂഹതയില്ലെന്ന് ബാര്‍ ഉടമ ബിജു രമേശ്. മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന വിളിച്ചത്. കോൺസുലേറ്റിലേക്ക് നൽകാനാണ് മദ്യം ആവശ്യപ്പെട്ടത്. എംബസിയുടെ വാഹനത്തിൽ എത്തിയാണ് മദ്യം വാങ്ങിയത്. സ്വപ്ന സുരേഷ് ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ കേസിലെ ആരോപണം ആവര്‍ത്തിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബിജു രമേശ് ഇക്കാര്യം പറഞ്ഞത്. കെ എം മാണി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാർ കോഴ കേസ് അവസാനിച്ചത്. പിണറായിയുടെ വീട്ടിലെത്തിയാണ് കെ എം മാണി കൂടിക്കാഴ്ച നടത്തിയത്.

ഇതിന് ശേഷം പൊലീസിനെ വിളിച്ച് കേസ് അവസാനിപ്പിക്കാൻ പറയുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പറഞ്ഞ കോടിയേരി ബാലകൃഷ്ണനും വാക്ക് മാറ്റിയെന്ന് ബിജു രമേശ് പറഞ്ഞു.

രമേശ് ചെന്നിത്തലക്കെതിരായ ആരോപണം ബിജു രമേശ് ആവര്‍ത്തിച്ചു. നേരത്തെ രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേദിവസം ചെന്നിത്തല വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്.

ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്‍റെ വീഴ്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.