ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എക്സൈസ് തീരുവ കുറച്ചതിനാൽ ഇന്ധന വില വർധിക്കില്ല. ഇറക്കുമതി തീരുവ കുറച്ചതിനാൽ സ്വർണത്തിനും വെള്ളിക്കും വിലകുറയും. അതേസമയം ഇന്ധന സെസ് ഏർപ്പെടുത്തിയത് കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.

കാ൪ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റിൽ കേന്ദ്രം ഇന്ധനത്തിന് പുതിയ സെസ് ഏ൪പ്പെടുത്തിയത്. പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വ൪ധിക്കുക. ഇന്ന് മുതൽ സെസ് നിലവിൽ വരും. എന്നാൽ സെസ് ഏ൪പ്പെടുത്തിയത് കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം വിമ൪ശിച്ചു.

ചരിത്രത്തിൽ ആദ്യമായി ട്രാക്ടർ റാലി നടത്തിയ ആയിരത്തിലധികം കർഷകരോട് കേന്ദ്രം പ്രതികാരം തീർക്കുകയാണ്. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റമാണ് നടക്കുന്നത്. സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ലെന്നും ചിദംബരം പറഞ്ഞു.

എന്നാൽ എക്സൈസ് തീരുവ ഒഴിവാക്കിയത് വഴി ഇന്ധന വില താത്ക്കാലികമായി വ൪ധിക്കില്ല. പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റം വരുത്തി. ഒക്ടോബ൪ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക. ലെത൪ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ സോളാ൪ സെൽ എന്നിവക്കാണ് വില കൂടുന്നത്.

ആഭ്യന്തര ഉത്പാദനത്തിന് മാറ്റം വരുത്തുന്നതിന് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് കസ്റ്റംസ് തീരുവയിൽ മാറ്റം വരുത്തിയത്. ഇതോടെ സ്വ൪ണം, വെള്ളി, വൈദ്യുതി, ചെരുപ്പ്, ഇരുമ്പ്, സ്റ്റീൽ ചെമ്പ് എന്നിവക്ക് വില കുറയുകയും ചെയ്യും.