ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തുരങ്കത്തിന് വായു സഞ്ചാരമുള്ള ചെറിയ ദ്വാരങ്ങളുള്ളതിനാല്‍ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് പ്രതീക്ഷയിലാണ് നടപടികള്‍.
ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാല്‍ ഇവരുടെ അവസ്ഥ വളരെ പരിതാപകരമാവാമെന്ന് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐ.ടി.ബി.പി) തലവന്‍ എസ് എസ് ദേസ്വാള്‍ പറഞ്ഞു. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
ഞായറാഴ്ച ചമോലി ജില്ലയില്‍ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞതോടെയുണ്ടായ മിന്നല്‍ പ്രളയത്തിലാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ തുരങ്കത്തില്‍ 30 തൊഴിലാളികള്‍ കുടുങ്ങിയത്. ദുരന്തത്തില്‍ 35 പേരുടെ മൃതദേഹം കിട്ടി. 200 ഓളം പേരെ കാണാതായിട്ടുണ്ട്. തുരങ്കത്തിലെ മണ്ണും ചെളിയും നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം. നദിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ തുരങ്കത്തിലുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ മണ്ണു മാന്തി ഉള്‍പ്പെടെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. രണ്ടര കിലോ മീറ്റര്‍ നീളമുള്ളതാണ് തുരങ്കം. 120 മീറ്റര്‍ വരെ തടസം നീക്കം ചെയ്തു.