എന്‍സിപി പുറത്താക്കിയതോടെ മാണി സി. കാപ്പന് പുതിയ പാര്‍ട്ടി രൂപീകരണം എളുപ്പമാകും

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷവും എന്‍സിപി ദേശീയ നേതൃത്വം മാണി സി. കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി. യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങള്‍ക്ക് ശരദ് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്.

യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അംഗത്വം രാജിവെച്ചതായി മാണി സി. കാപ്പന്‍ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള 10 നേതാക്കളും രാജി സമര്‍പ്പിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച വൈകീട്ടോടെയാണ് മാണി സി. കാപ്പന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എന്‍സിപി ദേശീയ നേതൃത്വത്തിന്റെ അറിയിപ്പുണ്ടായത്. പാര്‍ട്ടിയുടെ അച്ചടക്ക നടപടി, ഫലത്തില്‍ മാണി സി. കാപ്പന് ഉണ്ടാക്കിയ നേട്ടം ചെറുതല്ല.

പുറത്താക്കിയതിനാല്‍ കാപ്പന് അയോഗ്യത നേരിടേണ്ടി വരില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനും ഇനി തടസമില്ല. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തി മുന്നണി മാറിയ മാണി സി. കാപ്പന് മുന്നിലുണ്ടായിരുന്ന നിയമ തടസങ്ങളെല്ലാം പുറത്താക്കലോടെ ഇല്ലാതായി. യുഡിഎഫ് സഹകരണത്തിനുള്ള മാണി സി. കാപ്പന്റെ നീക്കങ്ങള്‍ക്ക് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നല്‍കിയ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്. പാര്‍ട്ടി രൂപീകരണത്തിനുള്ള നിയമ ഉപദേശങ്ങള്‍ ഇതിനകം മാണി സി. കാപ്പന്‍ തേടി കഴിഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ മൂന്നു സീറ്റുകള്‍ ഉറപ്പാക്കി പുതിയ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് നീക്കം. ഈ മാസം 22ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തും. എല്ലാ ജില്ലകളിലും നേതാക്കളും പ്രവര്‍ത്തകരും ഉള്ള പാര്‍ട്ടിയാണ് ലക്ഷ്യമെന്ന് കാപ്പന്‍ അനുകൂലികള്‍ പ്രതികരിച്ചു.