രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് സലിം കുമാർ പറയണമെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര മേളയിലേയ്ക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താൻ നേരിട്ട് ക്ഷണിക്കാൻ തയ്യാറായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാർ നഷ്ടമാക്കിയത്. ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെൽ ക്ഷമ ചോദിക്കാൻ തയ്യാറായിരുന്നുവെന്നും കമൽ പറഞ്ഞു.
അതേസമയം മേളയിലേയ്ക്കുള്ള ക്ഷണം സലിം കുമാർ നിരസിച്ചു. തന്നെ ഒഴിവാക്കിയതിന് പിന്നിൽ അവർക്ക് ലക്ഷ്യമുണ്ടാകും. തന്നെ ലക്ഷ്യമിട്ടവർ വിജയിക്കട്ടെയെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.