സുരേഷ് ഗോപിയുടെ 250ആം ചിത്രം; ‘ഒറ്റക്കൊമ്പൻ’ ടൈറ്റിൽ അവതരിപ്പിച്ച് 100 ചലച്ചിത്ര താരങ്ങൾ
ഏറെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് ടൈറ്റിൽ അനൗൺസ്മെൻ്റിൽ പങ്കാളികളായത്. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ വിവാദത്തിലായ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിൻ്റെ അതേ അണിയറ പ്രവർത്തകരാണ് പുറത്തിറക്കുക.
ഷിബിൻ ഫ്രാൻസിസിൻ്റെ രചനയിൽ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുക. മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ചിത്രം നിർമ്മിക്കും. ഷാജികുമാർ ആണ് ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിൻ്റെ അതേ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.
പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 250ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത്. മാത്യുസ് തോമസായിരുന്നു സംവിധാനം. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ഇതിനു ശേഷമാണ് തങ്ങളുടെ കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.