അനശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് ഒടുവില്‍ തവനൂരെ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം തന്നെയാണ് വലതുപക്ഷം മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുന്നത്. വെറും സാധാരണക്കാരനായി ഇത്രയധികം സാമൂഹ്യ-സന്നദ്ധ രംഗത്ത് ഇടപെടാന്‍ കഴിഞ്ഞ തനിക്ക് നിയമസഭയിലെത്തിയാല്‍ ഇതിലും കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
‘ഒന്നുമല്ലാതിരുന്നിട്ടും, തനിക്ക് ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായങ്ങളും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ, വീടില്ലാത്തവര്‍ക്ക് വീട് എന്നിങ്ങനെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് ഒരുപാട് ചെയ്യാന്‍ സാധിച്ചു. അപ്പോള്‍ ഒരു മണ്ഡലത്തില്‍ എം.എല്‍.എയായി എത്താന്‍ സാധിച്ചാല്‍ മുമ്പ് നടത്തിയിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും’. അദ്ദേഹം പറഞ്ഞു.
എന്നാല്‍ എം.എല്‍.എ ആയാല്‍ തവനൂര്‍ മാത്രമാകുമോ ചാരിറ്റി പ്രവര്‍ത്തനം എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്പില്‍ മീഡിയവണിനോട് പ്രതികരിച്ചു. ‘എന്നെ സംബന്ധിച്ച് വേദനയനുഭവിക്കുന്ന, വിഷമിക്കുന്ന ആളുകള്‍ കേരളത്തിന്‍റെ ഏത് കോണിലുണ്ടോ അവിടെയൊക്കെ ഓടിയെത്തി കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് ചാരിറ്റി പ്രവര്‍ത്തനം ഒരിടത്തായി ഒതുക്കില്ല’. ഫിറോസ് പറഞ്ഞു
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫിറോസിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടർന്നാണ് തവനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിന് മാറ്റി വയ്‌ക്കേണ്ടി വരികയായിരുന്നു. പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ മത്സരിക്കാനില്ലെന്ന് പിന്നീട് ഫിറോസ് അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ബാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബാക്കിയെല്ലാ പ്രശ്നങ്ങളും അപ്രസക്തമായി. ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ഫിറോസ് കുന്നംപറമ്പില്‍ മണ്ഡലത്തില്‍ സജീവമായി പ്രചരണം ആരംഭിച്ചിട്ടുണ്ട്.