ശോഭ സുരേന്ദ്രൻ തന്നെ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി നേതൃത്വം ശോഭ സുരേന്ദ്രനെ ഇക്കാര്യം അറിയിച്ചു. നാളെ മുതൽ ശോഭ കഴക്കൂട്ടത്ത് പ്രചാരണം ആരംഭിക്കും.
ശോഭയെ സ്ഥാനാർഥിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ശോഭയെ വെട്ടി തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ കഴക്കൂട്ടത്ത് ശോഭ തന്നെ മതിയെന്ന് ഇന്നലെ രാത്രിയോടെ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അമിത് ഷാ നടത്തിയ ഇടപെടലാണ് ശോഭയ്ക്ക് സഹായകമായത്.
ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ കഴക്കൂട്ടം ഇല്ലായിരുന്നു. പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ എന്തുകൊണ്ട് ഇല്ലെന്ന് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ പറഞ്ഞത് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രനാണ് അറിയിച്ചതെന്നാണ്. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സുരേന്ദ്രന്‍ ഇന്നലെ പറയുകയുണ്ടായി. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ശോഭ തന്നെയെന്ന അറിയിപ്പ് വന്നത്.