പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗുരുതര ആരോപണങ്ങൾക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. ത്രിപുരയും ബംഗാളും പോലെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യാനാണ് ബി ജെ പി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇ.ഡിക്കെതിരെ കേസെടുത്ത് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മറ്റ് വിഷയങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇടത് മുന്നണി വർഗീയ കാർഡ് ഇറക്കുന്നത്.ലവ് ജിഹാദിനെ കുറിച്ച് സംസാരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി നിലപാട് തിരുത്തിച്ചു. ഇതിൽ സി പി എം നിലപാട് വ്യക്തമാക്കണം. ജസ്നയുടെ കേസിൽ എന്താണ് സംഭവിച്ചതെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം
കേരളത്തിൽ തുടർ ഭരണം ഉണ്ടാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക ശക്തി എൻ ഡി എ ആയിരിക്കും. ഇടത് – വലത് ധ്രുവീകരണം അവസാനിക്കും. രണ്ട് മുന്നണികൾക്കും ജനപിന്തുണ കുറയുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചെന്നിത്തല സ്വന്തം തൊഴിൽ ഓർമ്മിക്കുന്നത് നല്ലതാണ്.കോൺഗ്രസ് സ്ഥാനാർത്ഥികൾ കടലാസുപുലികൾ മാത്രമാണെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. മുൻപ് പറഞ്ഞതിനേക്കാളും കൂടുതൽ സീറ്റുകളിൽ ത്രികോണ മത്സരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ നടത്തുന്നത് സഞ്ചി രാഷ്ട്രീയമാണ്. മോഡി നൽകുന്ന അരി പിണറായി സഞ്ചിയിലാക്കി കിട്ടായി വിതരണം ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു കിലോ അരിയ്ക്ക് കേന്ദ്രവും സംസ്ഥാനവും നൽകുന്ന വിഹിതം എത്രയെന്ന് മുഖ്യമന്ത്രി പറയണം.
രമേശ് ചെന്നിത്തലക്ക് സത്യസന്ധതയുണ്ടെങ്കിൽ ചോദിക്കേണ്ടത് ഇത് ആരുടെ വിഹിതമാണെന്നാണ്. മോദിയുടേതാണെന്ന് പറയാൻ ചെന്നിത്തലക്ക് മടിയാണെന്നും അദ്ദേഹം പറഞ്ഞു.