കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്ത് കയറിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. വനംവകുപ്പിന്റെ അനുമതിയോടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പ്രദേശവാസിയാണ് പന്നികളെ കൊന്നത്. പന്നികളെ വീടിനുള്ളില്‍ അടച്ചിട്ട് മണിക്കൂറുകളോളം നാട്ടുകാരും കര്‍ഷകരും പ്രതിഷേധിച്ചിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് സംഭവം പൂവത്തുംചോല റസിഡന്റസ് കോളനിയില്‍ വൈദ്യതി വകുപ്പ് ജീവനക്കാരനായ മോഹനന്റെ വീട്ടിലാണ് രണ്ട് കാട്ടുപന്നികള്‍ കയറിയത്. ആ സമയത്ത് റൂമില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിഞ്ഞത്. സംഭവമറിഞ്ഞ് പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തിയെങ്കിലും ഡിഎഫ്ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഡിഎഫ്ഒ വന്നശേഷം മയക്കുവെടി വച്ച് പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നും ആവശ്യമുയര്‍ന്നു. നാല് മണിക്കൂര്‍ നേരത്തെ പ്രതിഷേധങ്ങള്‍ക്കുശേഷം ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പ്രദേശവാസിപന്നികളെ കൊന്നത്.
അതേസമയം, അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന് നിലവില്‍ നിയമതടസമില്ലെന്ന് കോഴിക്കോട് ഡിഎഫ്ഒ ട്വന്റിഫോറിനോട് പ്രതികരിച്ചു. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവര്‍ അപേക്ഷ നല്‍കിയാല്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയായ അക്രമകാരികളായ കാട്ടുപന്നികളെ എത്രയും വേഗം കൊല്ലുന്നതിനായുള്ള ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.