ഇന്ത്യക്കാരുടേതടക്കം 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി

ഫോൺ നമ്പർ, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുൾപ്പെടെയുള്ള വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്.

50 കോടി ഫേസ്ബുക്ക് ഉപയോക്​താക്കളുടെ ഫോൺ നമ്പറും മറ്റ് അടിസ്​ഥാന വിവരങ്ങളുമുൾപ്പെടെ പരസ്യമാക്കി ഹാക്കര്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്സൈറ്റുകളില്‍ കാണുന്ന ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയ വിവരങ്ങളാണ് ഇതിലുള്ളതെന്നാണ് വിദഗ്ദരുടെ നിഗമനം.

ഇന്ത്യയുൾപ്പെടെ 106 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് പരസ്യമായത്. ഇസ്രായേലി സൈബർ ക്രൈം ഇന്‍റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്‍റെ സഹസ്ഥാപകൻ ആലൺ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം, ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്​നത്തിന്‍റെ ഭാഗമാണെന്നും ഫേസ്​ബുക്ക്​ വാർത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ വരും മാസങ്ങളിൽ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ആലൺ ഗാൽ നല്‍കുന്ന മുന്നറിയിപ്പ്.

60ലക്ഷം ഇന്ത്യക്കാരുടെയും 3.2 കോടി അമേരിക്കക്കാരുടെയും 1.1 കോടി യു.കെ സ്വദേശികളുടെയും വിവരങ്ങള്‍ പരസ്യമായിട്ടുണ്ട്. ഫോൺ നമ്പർ, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുൾപ്പെടെയുള്ള വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. ചില അക്കൗണ്ടുകളുടെ ഇ- മെയിൽ അഡ്രസും പരസ്യമായാതായി റിപ്പോര്‍ട്ടുണ്ട്.