വിലക്കയറ്റത്തിൽ നിയമസഭയിൽ ബഹളം: സതീശന്റെ പ്രസംഗം തടസ്സപ്പെടുത്തി മന്ത്രിമാർ; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവ് രോഷാകുലനായി. വകുപ്പുകൾ തമ്മിൽ പ്രശ്നം രൂക്ഷമാകുമ്പോൾ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ഭിന്നതയാണ് സപ്ലൈകോയിലേക്ക് പണമെത്താത്തിന്റെ കാരണമെന്ന് സതീശൻ പറഞ്ഞു. ഇതോടെ മന്ത്രിമാർ സീറ്റിൽ നിന്ന് എഴുന്നേറ്റു. വകുപ്പുകളെ പരാമർശിച്ചതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. സപ്ലൈകോ കെഎസ്ആർടിസിയുടെ പാതയിലാണെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പരാമർശമുണ്ടായി. ഇതോടെ ധനമന്ത്രിയും ഭക്ഷ്യമന്ത്രിയും ഗതാഗതമന്ത്രിയുമടക്കം എഴുന്നേൽക്കുകയും എതിർക്കുകയുമായിരുന്നു. തുടരെ തുടരെ പ്രസംഗം തടസ്സപ്പെടുത്തിയതോടെ സ്പീക്കർ പ്രൊട്ടക്ഷൻ നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർന്നും ബഹളമായതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വാക്ക് ഔട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയെ പരിഹസിച്ചു. മുഖ്യമന്ത്രി ആരോടും ഒന്നും പറയില്ലല്ലോ, വിലക്കയറ്റത്തിലും പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നായിരുന്നു പരിഹാസം. കരാറുകാർക്ക് സപ്ലൈക്കോ നൽകാനുള്ളത് കോടികളാണ്. സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലാ എന്നതാണ് വസ്തുത. ആവശ്യ സാധനങ്ങൽ ലഭിക്കാനില്ല. വെളിച്ചെണ്ണ സബ്സിഡി ഉള്ളത് അര ലിറ്ററിന് മാത്രമാണ്. ഏറ്റവും കൂടുതൽ ജപ്തി നടന്ന കാലമാണിത്. ഇരുമ്പ് കൂടം കൊണ്ട് ജനങ്ങളുടെ തലയ്ക്കടിച്ചത് പോലെയാണ് സർക്കാർ നടപടികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.