രാജേശ്വരിയുടെ വീട്ടിൽ വെളിച്ചവുമായി വൈദ്യുതി വകുപ്പിലെ സി ഐ ടി യു പ്രവർത്തകർ

രാജേശ്വരിയുടെ വീട്ടിൽ വെളിച്ചവുമായി വൈദ്യുതി വകുപ്പിലെ സി ഐ ടി യു പ്രവർത്തകർ

ചെർപ്പുളശ്ശേരി: സാമ്പത്തിക പരാധീനതകളാൽ വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയാതിരുന്ന കാറൽമണ്ണ നടുവട്ടത്ത് അങ്ങാടിപ്പറമ്പിൽ രാജേശ്വരിയുടെ മക്കൾക്കിനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. ബി ടെക്ക് ഡിഗ്രി വിദ്യാർത്ഥികളായ അനു ആനന്ദിൻ്റേയും അപർണയുടേയും പഠനത്തിന് വൈദ്യുതിയില്ലാത്തത് കൗൺസിലർ ടി ജ്യോതിയാണ് പി കെ ശശി എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയത്. കെ എസ് ഇ വർക്കേഴ്സ് അസോസിഷൻ്റേയും വയർമെൻ അസോസിയേഷൻ്റേയും പ്രവർത്തകരുമായി എം എൽ എ സംസാരിക്കുകയും സൗജന്യമായി രാജേശ്വരിയുടെ വീടു വൈദ്യുതീകരിച്ച് വെളിച്ചമെത്തിക്കാൻ താൽപര്യപ്പെടുകയുമായിരുന്നു. കൗൺസിലർ ടി ജ്യോതിയുടേയും വൈദ്യുതി ഉദ്യോഗസ്ഥരുടേയും യൂണിയൻ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പി കെ ശശി എം എൽ എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി കെ അജയൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പി കെ സുജിത്, കൗൺസിലർ എം പി സുജിത് എന്നിവർ സന്നിഹിതരായിരുന്നു.