18 മണിക്കൂര്‍ ജോലി, ആദ്യ ശമ്പളം 736 രൂപ; സിനിമയിലെത്തും മുന്‍പുള്ള ജീവിതത്തെ കുറിച്ച് സൂര്യ

സുരറൈ പൊട്രു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ വീണ്ടും ജീവിക്കുകയായിരുന്നുവെന്നും സൂര്യ.

സിനിമയിലെത്തും മുന്‍പുള്ള തന്‍റെ ജീവിതത്തെ കുറിച്ച് നടൻ സൂര്യ. അച്ഛന്‍റെ പാതയില്‍ സിനിമയിലേക്കെത്താന്‍ താത്പര്യമില്ലായിരുന്നുവെന്ന് സൂര്യ പറയുന്നു. വസ്ത്ര വ്യാപാര കമ്പനിയിലാണ് ആദ്യം ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂര്‍ ആയിരുന്നു ജോലി. മാസ ശമ്പളമായി ആദ്യം ലഭിച്ചത് 736 രൂപയാണെന്നും സൂര്യ പറഞ്ഞു.

18 വയസ് കഴിയുന്ന സമയത്ത് നമ്മളെല്ലാവരും ഭാവിയെ കുറിച്ച് ചിന്തിച്ചുതുടങ്ങും. നമ്മളെ ആരെങ്കിലും അംഗീകരിക്കുമോ? സമൂഹം എങ്ങനെയാകും നമ്മളോട് ഇടപെടുക എന്നെല്ലാം ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകും. അച്ഛന്‍ ശിവകുമാറിന്‍റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ വരാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ വസ്ത്ര വ്യാപാര ഫാക്ടറിയില്‍ ജോലിക്ക് പോയി. ആദ്യ ശമ്പളമടങ്ങിയ വെള്ള കവറിന്റെ കനം ഇപ്പോഴും ഓര്‍മയുണ്ട്. സുരറൈ പൊട്രു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ വീണ്ടും ജീവിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു.

ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നോ അതില്‍ സംതൃപ്തനാണ്. തനിക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് സുരറൈ പൊട്രു. ആരാധകരുടെ സ്നേഹത്തിന് പകരമായി ഇതുപോലൊരു സിനിമ സമ്മാനിച്ച് അവരെ ബഹുമാനിക്കാന്‍ ആഗ്രഹിച്ചുവെന്നും സൂര്യ പറഞ്ഞു. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണിത്. ചിത്രം നവംബര്‍ 12ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

“സുരറൈ പൊട്രുവില്‍ 18കാരനായും അഭിനയിക്കേണ്ടിവന്നു. 45 വയസ്സുകാരനായ ഞാന്‍ കൌമാരക്കാരനായി അഭിനയിക്കാന്‍ ആഗ്രഹിക്കാറില്ല പൊതുവെ. സംവിധായിക 18കാരന്‍ ആവാന്‍ എന്‍റെ സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുമെന്നാണ് കരുതിയത്. പക്ഷേ ഞാന്‍ തന്നെ 18കാരന്‍ ആവണമെന്ന് സംവിധായിക നിര്‍ബന്ധം പിടിച്ചു. 27 ദിവസത്തിനുള്ളില്‍ പൊടുന്നനെ ഡയറ്റ് ചെയ്യേണ്ടിവന്നു”- സൂര്യ പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങളും സൂര്യ പങ്കുവെച്ചു. കുട്ടികളുടെ ഉത്തരവാദിത്വം മാതാപിതാക്കള്‍ തുല്യമായി പങ്കിടണം. എല്ലാവരുടെ കയ്യിലും ഇന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുമൊക്കെയുണ്ട്. മക്കൾ വീട്ടിൽ തന്നെ ഉണ്ടെങ്കിലും എന്താണ് നടക്കുന്നതെന്ന് മാതാപിതാക്കള്‍ അറിയാത്ത അവസ്ഥയുണ്ട്. അങ്ങനെയാകാൻ പാടില്ല. മക്കളുടെ സുഹൃത്തുക്കളായിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും സൂര്യ പറഞ്ഞു.