കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ചൈന അനുവദിച്ചത്. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍ നടത്തുക. രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് സംഘത്തിലുള്‍പ്പെട്ട ഡോ.ഫാബിയന്‍ ലീന്‍ഡര്‍റ്റ്സ് പറഞ്ഞു. എന്ന് മുതലാണ് വൈറസ് പടര്‍ന്നുപിടിച്ചതെന്നും വുഹാനില്‍ നിന്നാണോ ഇത് പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഫാബിയന്‍ വ്യക്തമാക്കി.
പത്ത് ശാസ്ത്രജ്ഞര്‍ അടങ്ങുന്ന സംഘമാണ് ദൗത്യത്തിന്റെ ഭാഗമായി ചൈനയിലെത്തുക. ഹുബൈ പ്രവിശ്യയിലുള്ള വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. ഇവിടെനിന്നാണ് കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടര്‍ന്നതെന്നായിരുന്നു നിഗമനം.