എഐ ക്യാമറ റോഡില്‍ മാത്രം പോരാ, പറക്കും ക്യാമറ വേണം; ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ.

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ കേരളത്തിലെ റോഡുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷിച്ചിട്ടുണ്ട്. ഇത് തടയാനാണ് ഡ്രോണ്‍ ക്യാമറകള്‍ ആവശ്യപ്പെടുന്നത്.

ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം. നിലവിലെ എഐ ക്യാമറകള്‍ വഴി അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നേരത്തേ ഗതാഗതമന്ത്രി അറിയിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചവരില്‍ ജനപ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

നിയമലംഘനത്തിന് 19 എം എല്‍ എമാരുടെ വാഹനങ്ങള്‍ക്കും 10 എം പിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിരുന്നു. വി ഐ പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് ആ തുക അടച്ചുതീര്‍ത്താല്‍ മാത്രമേ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാനാവൂ. പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ.