വയലാറിന്റെ പേനയിൽ നിന്ന് പെരിയാർ പനിനീരായ് ഒഴുകിയിറങ്ങി…

വയലാറിന്റെ പേനയിൽ നിന്ന് പെരിയാർ പനിനീരായ് ഒഴുകിയിറങ്ങി…
വഴിയരികിൽ നിന്ന് വയലാർ കുറിച്ചിട്ട ആ പാട്ട് വരികളുടെ പനിനീർ സുഗന്ധം ഇന്നും മലയാള ചലച്ചിത്ര ഗാനലോകത്ത് നിലനിൽക്കുന്നു ..
അറുപതുകളുടെ കാലം … ”ഭാര്യ”എന്ന സിനിമയ്ക്കു വേണ്ടി വയലാറിന്റെ വരികൾ വേണം.

സിനിമയുടെ സംവിധായകനടക്കം അണിയറക്കാർ വയലാറിനെ എങ്ങിനെയെങ്കിലും “പിടികൂടി ” പാട്ടെഴുതിക്കാൻ പല ശ്രമങ്ങളും നടത്തി നോക്കി. കവിതയും, പാട്ടെഴുത്തും, മറ്റുമായി വയലാർ ഏറെ തിരക്കിലായ സമയം.. വയലാറിന്റെ വരികൾ സിനിമയ്ക്ക് കിട്ടിയേ പറ്റൂ എന്ന ചിന്തയോടെ
ഒടുവിൽ സിനിമയുടെ അണിയറക്കാർ ഒരു കാറെടുത്ത് നേരെ വയലാറിനെ തേടി ആലപ്പുഴയിലേക്ക് വിട്ടു. തന്ത്രം തെറ്റിയില്ല.. വയലാർ വഴിയിൽ വെച്ച് ‘വല”യിൽ കുടുങ്ങി ..
പക്ഷേ, വയലാർ മദിരാശി യാത്രക്കായി കാറിൽ തിരക്കിട്ടിറങ്ങിയതായിരുന്നു .. വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് പാട്ടെഴുതിക്കാൻ തന്നെ തേടി വന്നവരുടെ കൈയ്യിലകപ്പെട്ടത്. നേരത്തെ പല തവണ “നോക്കാം, ശ്രമിക്കാം” എന്ന വാക്കും, ഉറപ്പും നൽകിയിരുന്നെങ്കിലും ഇത്തവണ ഇവർക്ക് മുന്നിൽ നിന്ന് വയലാറിന് രക്ഷപ്പെടാനായില്ല. മദിരാശി യാത്ര കഴിഞ്ഞ് വന്നാൽ പാട്ടെഴുതി നൽകാം എന്ന ഉറപ്പ് നൽകി വയലാർ കാറിൽ കയറാൻ ശ്രമിച്ചെങ്കിലും, വന്നവർ അതംഗീകരിക്കാതെ മുന്നിൽ നിന്നു. “മദിരാശി യാത്ര കഴിഞ്ഞ് വരുന്നത് വരെ കാത്തിരിക്കാനാവില്ല. സിനിമ പദ്ധതിയാകെ പാളും.

വയലാറിന്റെ വരികളുമായി ചെന്നാൽ സംഗീത സംവിധാനം ചെയ്യാൻ റെഡിയായി ദേവരാജൻ മാസ്റ്റർ കാത്തിരിപ്പുണ്ട് ‘… ” സംവിധായകൻ തന്റെ സങ്കടവും, സ്വപ്നവും നിസ്സഹായാവസ്ഥയും, ടെൻഷനും വയലാറിന് മുന്നിൽ ഉണർത്തിച്ചു.
ധർമ്മസങ്കടത്തിലായ വയലാർ ,ഒരു നിമിഷം ആലോചിച്ച് നിന്നു… പിന്നെ, കാറിനകത്ത് നിന്ന് തന്റെ പേനയും, പേപ്പറും എടുത്തു.എന്നിട്ട് സിനിമയുടെ കഥ വേഗത്തിൽ കേട്ടു .പാട്ടിന്റെ പശ്ചാത്തലം മനസിലാക്കി.
“ശരി” എന്ന ഒറ്റ വാക്ക് മന്ത്രിച്ച് ഒന്ന് ചുറ്റും പ്രകൃതിയെ നോക്കി വയലാർ കാറിന്റെ ഡിക്കിയുടെ മുകളിൽ പേപ്പർ വെച്ചു. വയലാറിന്റെ പേനയും, പ്രതിഭയും നിമിഷ നേരം കൊണ്ട് ആ സിനിമയിലെ പാട്ടുകൾക്ക് വഴിയരികിൽ വച്ച് ജന്മം നൽകി. ആ പാട്ടുകൾ നമ്മൾ ഇന്നും ആസ്വദിക്കുന്നു .. ” പെരിയാറെ പെരിയാറെ പർവ്വതനിരയുടെ പനിനീരെ
കുളിരും കൊണ്ട് പുതച്ചു കിടക്കണ മലയാളി പെണ്ണാണ് നീ…… ” ഈ പാട്ടടക്കം 1962 ൽ പുറത്തിറങ്ങിയ ഭാര്യ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങൾ വയലാർ ഇത്തരത്തിൽ എഴുതിയ അപൂർവ്വത പേറുന്ന പാട്ട് വിസ്മയങ്ങളാണ്.
…………….. ……………………..
പെരിയാറിനും,ആലുവ പുഴയ്ക്കും സാഹിത്യ സൗന്ദര്യമാർന്ന വരികളിലൂടെ പനിനീർ സുഗന്ധവും, ആയിരം പാദസരങ്ങളും പകർന്ന് നൽകിയ വയലാർ പക്ഷേ, നിളയെന്ന പുഴ സൗന്ദര്യത്തെ പാടിപുകഴ്ത്താൻ എന്തോ – ? മറന്നു പോയി എന്ന ദുഃഖം പറയുന്നവരുണ്ട്..
വയലാർ എഴുതാൻ മറന്ന് പോയ ആ വരികൾ നിളയോടുള്ള ആദരവായി മകൻ ശരത്ചന്ദ്രവർമ്മ എഴുതി സമർപ്പിക്കട്ടെ…
വയലാർ – ആ മഹാനാമത്തിന് മുന്നിൽ പ്രണാമം..

നിഖിൽ ദേവരാജ്, മലബാർ ന്യൂസ്